ശശിതരൂരിനെ കൈവിടാതെ തിരുവനന്തപുരം; ഭൂരിപക്ഷം 16000 കടന്നു

  1. Home
  2. Trending

ശശിതരൂരിനെ കൈവിടാതെ തിരുവനന്തപുരം; ഭൂരിപക്ഷം 16000 കടന്നു

sasi tharoor


തിരുവനന്തപുരത്ത് നാലാം തവണയും വിജയം കരസ്ഥമാക്കി ശശി തരൂര്‍. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ജയിച്ചു കയറിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ഇവിടെ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, എഴുത്തുകാരന്‍, പ്രാസംഗികന്‍, നയതന്ത്രജ്ഞന്‍ അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ശശി തരൂരിന്. ചന്ദ്രശേഖരന്‍ നായരുടെയും ലില്ലി തരൂരിന്റെയും (ലില്ലി മേനോന്‍) മകനായി, 1956ല്‍ ലണ്ടനിലായിരുന്നു ശശി തരൂരിന്റെ ജനനം. കല്‍ക്കട്ടയിലും ബോംബെയിലുമായി ബാല്യ-കൗമാരം ചെലവഴിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് 1978 മുതല്‍ 2007 വരെ തരൂര്‍ ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം നീണ്ട ഈ പ്രവര്‍ത്തനകാലത്ത് തന്നെ ശശി തരൂര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശീതയുദ്ധത്തിനുശേഷം സമാധാന പാലനത്തിലെ പ്രധാന ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുകയും സെക്രട്ടറി ജനറലിന്റെ മുതിര്‍ന്ന ഉപദേശകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് തരൂര്‍. ആശയ വിനിമയ വിഭാഗത്തില്‍ അണ്ടര്‍-സെക്രട്ടറി-ജനറല്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന തരൂര്‍ മികച്ച ഒരു നയതന്ത്രജ്ഞന്‍ കൂടിയാണ്.