ഇത് പുരുഷന്മാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരം; ജയിലിൽ നിരാഹാരമിരിക്കുമെന്ന് റിമാൻഡിലായ രാഹുൽ ഈശ്വർ

  1. Home
  2. Trending

ഇത് പുരുഷന്മാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരം; ജയിലിൽ നിരാഹാരമിരിക്കുമെന്ന് റിമാൻഡിലായ രാഹുൽ ഈശ്വർ

rahul


സൈബർ അധിക്ഷേപക്കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ, താൻ മഹാത്മാഗാന്ധിയുടെ പാതയിൽ ജയിലിൽ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചു. തന്നെ പോലീസ് പച്ചക്കള്ളം പറഞ്ഞ് കുടുക്കിയതാണെന്നും ഇത് "പുരുഷന്മാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ്" എന്നും രാഹുൽ പറഞ്ഞു. ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി വൈദ്യപരിശോധന നടത്തി പുറത്തുവരുമ്പോഴാണ് രാഹുൽ മാധ്യമങ്ങളോട് ഈ പ്രതികരണം നടത്തിയത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും രാഹുൽ ഈശ്വർ തന്റെ വാദങ്ങൾ ആവർത്തിച്ചു. പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി അധിക്ഷേപിച്ചു എന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാത്ത തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ താൻ പെൺകുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് കോടതിയിൽ പറഞ്ഞതായി രാഹുൽ ഈശ്വർ ആരോപിച്ചു. എന്നാൽ താൻ അങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും, ഒരു സർക്കാർ ഔദ്യോഗികമായി കള്ളം പറയുന്നത് എന്തിനാണെന്നും രാഹുൽ ചോദിച്ചു. "കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നൽകിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അർത്ഥമാണ് ഉള്ളത്?" എന്നും രാഹുൽ ചോദിച്ചു.

വേണമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഇനി വീഡിയോ ചെയ്യില്ലെന്ന് പറയാം. അങ്ങനെ പറഞ്ഞാല്‍ ചെലപ്പോള്‍ അനുകൂലമായ സമീപനം ഉണ്ടാകും. എന്നാല്‍ അനീതിയും അസത്യവുമാണ് നടക്കുന്നത്. ഈ പെണ്‍കുട്ടിയുടെ പേര് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഞാന്‍ എഐ ചിത്രമാണ് ഉപയോഗിച്ചത്. കള്ളംപറഞ്ഞ് ഒരാളെ കുടുക്കുന്നതിന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ദണ്ണമില്ലേ' രാഹുല്‍ ഈശ്വര്‍ ചോദിച്ചു. റിമാന്‍ഡ് ചെയ്ത രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.