സദാചാര കൊലപാതകം: ഉത്തരാഖണ്ഡിൽ നിന്നും നാല് പ്രതികളെ പിടികൂടി

തൃശൂർ ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ പ്രതികളായ നാല് പേർ ഉത്തരാഖണ്ഡില്‍ നിന്നും പിടിയിലായി. ചേര്‍പ്പ് സ്വദേശികളായ നിരഞ്ജന്‍,അരുണ്‍, അമീര്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും.
ഫെബ്രുവരി 18നായിരുന്നു സദാചാര ആക്രമണത്തെ തുടര്‍ന്ന് സഹര്‍ എന്ന യുവാവ് മരിച്ചത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടു പേർ ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ചിറയ്ക്കല്‍ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സഹർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. 10 പേര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതിൽ സഹറിനെ ആക്രമിച്ച സംഘത്തിലെ ഒരാളെ നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് വാഹനത്തിൽ കൊണ്ടുവന്ന നവീന്‍, പ്രതികള്‍ക്ക് ഒളിവില്‍ പോകുവാനായി പണം നൽകിയ ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ തുടങ്ങിയവരെ പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്തെന്ന് പോലീസ് കരുതുന്ന രാഹുല്‍ വിദേശത്തേക്ക് പോയതായാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു