സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇരട്ട ചക്രവാതചുഴികളും ന്യൂനമർദ്ദ പാത്തികളും രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായത്. തെക്ക് കിഴക്കന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപവും, തമിഴ്നാടിന്‍റെ വടക്കന്‍ തീരപ്രദേശത്തിന് മുകളിലുമായാണ് ചക്രവാതചുഴികൾ നിലകൊള്ളുന്നത്. കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടൽ മുതൽ ശ്രീലങ്കന്‍ തീരം വരെയും കർണാടക മുതൽ കന്യാകുമാരി വരെയും മഴ പാത്തികൾ രൂപപ്പെട്ടിട്ടുണ്ട്.
അന്തരീക്ഷം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സമയങ്ങളിൽ ഇടിമിന്നൽ സാധ്യത കൂടുതലായതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.
