എന്നോട് പറഞ്ഞ സീനിയർ ഇപ്പോൾ കൈ മലർത്തുന്നുവെന്ന് ടിനി ടോം

പ്രേം നസീറിനെക്കുറിച്ച് നടൻ ടിനി ടോം അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം അദ്ദേഹത്തിൻറെ ആരാധകരിൽ നിന്നും ചലച്ചിത്ര പ്രവർത്തകരിൽ നിന്നും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം.
“മലയാള സിനിമയുടെ ദൈവമാണ് നസീർ സാർ. നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ഞാൻ. അത്രയും വലിയൊരു താരത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്? ഒരു ഇൻറർവ്യൂവിൽ നിന്നും ചുരണ്ടിയെടുത്തിട്ട് തെറ്റായിട്ട് വ്യാഖ്യാനിച്ച് പല വാർത്തകളും പുറത്തുവിടുകയാണ്. നസീർ സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ല. നമ്മുടെ ഒരു സീനിയർ തന്ന ഇൻഫർമേഷൻ ആണ് ഞാൻ പറഞ്ഞത്. ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അത് ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് ഞാൻ പറഞ്ഞ ഒരു കാര്യമാണ്. അത് ഒരിക്കലും അദ്ദേഹത്തെ മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. ഒരാളെയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുതെന്ന് കരുതി അതനുസരിച്ച് ജീവിക്കുന്ന ആളാണ് ഞാൻ. ഇങ്ങനെയൊരു സംഭവം (വിവാദം) ഞാൻ ഉൾപ്പെടെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്. പ്രേം നസീർ സുഹൃദ് സമിതി ലോകം മുഴുവനുമുണ്ട്. അതിൽ എൻറെ സുഹൃത്തുക്കൾ ഉണ്ട്. അതിൻറെ ഭാരവാഹികളെയൊക്കെ എനിക്ക് അടുത്തറിയാം. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ ഞാൻ തയ്യാറാണ്. ഇത്രയും വലിയൊരു ലെജൻഡിൻറെ കാൽക്കൽ വീഴാനും ഞാൻ തയ്യാറാണ്. അദ്ദേഹത്തിൻറെ മകൻ ഷാനവാസുമായി ഞാൻ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ് അതൊക്കെ. വാർത്തകളിൽ വന്നതുപോലെ വേദനിപ്പിക്കാൻ ഒരിക്കലും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. എൻറെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു”, ടിനി ടോം വീഡിയോയിൽ പറയുന്നു. നിലവിൽ യുകെയിലാണ് ടിനി ടോം.
പ്രേം നസീറിനെക്കുറിച്ച് ടിനി ടോം അഭിമുഖത്തിൽ നടത്തിയ പരാമർശം ഇങ്ങനെ- “നസീർ സാർ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങും. പക്ഷെ സിനിമയില്ല. ബഹദൂറിന്റെയും അടൂർ ഭാസിയുടേയും വീട്ടിൽ പോയിരുന്ന് കരയും. അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്”, ടിനി ടോം പറഞ്ഞിരുന്നു.