ഡൊണാൾഡ് ട്രംപിനെ കണ്ട് കണ്ട് മടുത്തു; അമേരിക്ക വിട്ട് ന്യൂസിലാന്‍റ് പൗരത്വം സ്വീകരിക്കാനൊരുങ്ങി ജെയിംസ് കാമറൂൺ

ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പത്രങ്ങളിൽ ട്രംപിന്റെ മുഖം ആദ്യ പേജിൽ കാണുന്നത് മടുത്തത് കൊണ്ട് താൻ അമേരിക്ക വിടാനൊരുങ്ങുകയാണെന്നും സംവിധായകൻ ജെയിംസ് കാമറൂണ്‍. അമേരിക്ക വിട്ട് ന്യൂസിലാന്‍റ് പൗരത്വം സ്വീകരിക്കാനൊരുങ്ങുകയാണ് സംവിധായകൻ. ഒരു പോഡ് കാസ്റ്റിലാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയത്.
ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്. ഇതൊരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തിൽ പൊള്ളയാക്കുകയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒന്നാം പേജിൽ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്‍റെ തീരുമാനം.
മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാൻഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെ കൊടുക്കുകയുള്ളൂ. പേപ്പറിന്‍റെ ഒന്നാം പേജിൽ ഇനി ആ ആളുടെ മുഖം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി, ഒരു കാർ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്,' കാമറൂൺ പറഞ്ഞു. താന്‍ ന്യൂസിലൻഡ് പൗരത്വം ഉടന്‍ എടുത്തേക്കുമെന്നും അമേരിക്ക വിടാൻ പദ്ധതിയിടുകയാണെന്നും കാമറൂണ്‍ കൂട്ടിച്ചേർത്തു.