ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണ്ണായക ദിനം; മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്

  1. Home
  2. Trending

ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണ്ണായക ദിനം; മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്

election


 

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒടുവിൽ വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളുടെ ബലത്തിൽ രണ്ടിടങ്ങളിലും എന്‍ഡിഎ വിജയ പ്രതീക്ഷയിലാണ്. ഇന്ത്യാ സഖ്യം പ്രത്യേകിച്ച് അവകാശവാദങ്ങള്‍ക്ക് തയ്യാറായിട്ടില്ല. അതേ സമയം ജാര്‍ഖണ്ഡില്‍ ജെഎംഎം ഭരണത്തുടര്‍ച്ച അവകാശപ്പെട്ടു. സോറന്‍റെ അഴിമതിയും ജെഎംഎമ്മിലെ അന്തഛിദ്രവും ഇത്തവണ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ശിവസേന രണ്ടായി പിളര്‍ന്ന ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്. പിളർപ്പിന് ശേഷം എന്‍സിപിയും മഹാരാഷ്ട്രയില്‍ നടത്തിയ വലിയ പോരാട്ടം. മഹായുതി, മഹാവികാസ് അഘാഡി സഖ്യങ്ങളുടെ നിലനില്‍പിനായുള്ള പോരാട്ടം ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകം. എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം മഹായുതിക്ക് സാധ്യത കല്‍പിക്കുമ്പോള്‍ തൂക്ക് സഭ പ്രവചിച്ചത് രണ്ട് സര്‍വേകള്‍. 

ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും താഴേ തട്ടില്‍ ചര്‍ച്ചയായ മറാത്താ സംവരണ വിഷയവും സോയാബീന്‍ കര്‍ഷകരുടെ പ്രശ്നങ്ങളും തിരിച്ച‍ടിയാകുമോയെന്ന ആശങ്ക മഹായുതിക്കില്ലാതില്ല. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിലാണ് മഹാവികാസ് അഘാഡിയുടെ പ്രതീക്ഷ. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉന്നമിട്ട് മോദി നടത്തിയ ഏക് ഹേ തോ സെഫ് ഹേ പ്രചാരണത്തില്‍ മുസ്ലീം പിന്നാക്ക വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ ഫലം അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.