ചർമ്മത്തെ സുന്ദരമാക്കാൻ തക്കാളികൊണ്ട് മാജിക്

മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണ്ടുവരുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും ടാൻ ഇല്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇത് സഹായിക്കും.
ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തക്കാളി ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വീക്കം കുറയ്ക്കാനും, അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണം നൽകാനും ഇവയ്ക്ക് കഴിയും. ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ ഏതോക്കെയെന്ന് നോക്കാം.
നന്നായി പഴുത്ത തക്കാളി തൊലി കളഞ്ഞ് ഉടച്ചെടുക്കാം. അതിലേയ്ക്ക് കടലമാവും, ചന്ദനപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കുളിക്കുന്നതിനു തൊട്ട് മുൻമ്പ് ഇത് ടാനുള്ള ചർമ്മ ഭാഗങ്ങളിൽ പുരട്ടാം. അഞ്ച് മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം അൽപം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.
രണ്ട് സ്പൂൺ തക്കാളി നീരും അൽപം മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. കറുത്ത പാടുകൾക്കും മറ്റ് തരത്തിലുള്ള ഹൈപ്പർപിഗ്മെന്റേഷനും കാരണമാകുന്ന പിഗ്മെന്റ് മെലാനിൻ ഉൽപാദനത്തെ മഞ്ഞൾ തടയുന്നു.
തക്കാളി തൊലിയിലേയ്ക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം.
രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
തക്കാളി തൊലി ഒരു ബൗളിൽ എടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തക്കാളിയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. പ്രകൃതി ദത്തവും ഗുണപ്രദവുമായ ഒരു സ്ക്രബാണിത്. മുഖത്ത് മാത്രമല്ല ടാൻ ഉണ്ടാകുന്ന ഇടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
അൽപം കറ്റാർവാഴ ജെല്ലും തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
നാച്യുറൽ ഫെയ്സ്പാക്കുകളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. എങ്കിലും ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച്ടെസ്റ്റ് ചെയ്യാൻ മറക്കരുത്. ചിലർക്ക് ചന്ദനം, മഞ്ഞൾപ്പൊടി എന്നിവ അലർജിയാകാൻ സാധ്യതയുണ്ട്. അതിനാൽ പാച്ച് ടെസ്റ്റ് ചെയ്ത് പ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഉപയോഗിക്കാം.