ഗ്യാസ് സിലിണ്ടർ നൽകിയാൽ മൂന്നാർ യാത്ര; പാചകവാതക ക്ഷാമം മറികടക്കാൻ വ്യത്യസ്തമായ ഓഫറുമായി ആലുവയിലെ ഹോട്ടൽ

  1. Home
  2. Trending

ഗ്യാസ് സിലിണ്ടർ നൽകിയാൽ മൂന്നാർ യാത്ര; പാചകവാതക ക്ഷാമം മറികടക്കാൻ വ്യത്യസ്തമായ ഓഫറുമായി ആലുവയിലെ ഹോട്ടൽ

lpg


ഗൾഫ് മേഖലയിലെ യുദ്ധപ്രതിസന്ധിയെത്തുടർന്ന് വാണിജ്യ പാചകവാതകത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ, കട പൂട്ടാതിരിക്കാൻ വ്യത്യസ്തമായ ഓഫറുമായി ആലുവയിലെ ഒരു ഹോട്ടൽ ഉടമ. താൽക്കാലികമായി ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നവർക്ക് ഒരു ദിവസത്തെ മൂന്നാർ യാത്രയാണ് ആലുവയിലെ സാഗർ ഹോട്ടൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സിലിണ്ടറുകൾ സംഘടിപ്പിക്കാൻ ഇത്തരമൊരു നീക്കം.

വാണിജ്യ ആവശ്യങ്ങൾക്കുള്ള 17 മുതൽ 19 കിലോ വരെയുള്ള സിലിണ്ടറുകൾ നൽകുന്നവർക്കാണ് ഈ വിനോദയാത്ര ഓഫർ നൽകിയിരിക്കുന്നത്. നിലവിൽ വീടുകളിലെ പാചകവാതകം ഹോട്ടലുകളിൽ ഉപയോഗിക്കാൻ നിയമപരമായ വിലക്കുണ്ട്. കൂടാതെ, പാചകവാതക വിലവർദ്ധനവ് ചൂണ്ടിക്കാട്ടി ഭക്ഷണ ബില്ലിനൊപ്പം 'എൽ.പി.ജി ചാർജ്' അല്ലെങ്കിൽ 'ഗ്യാസ് സർചാർജ്' എന്നിങ്ങനെ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതോടെ വരുമാനത്തിൽ കുറവുണ്ടാകാതെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാണ് ഉടമയുടെ ശ്രമം.

അസം സ്വദേശികളായ ജീവനക്കാർ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതോടെ പല ഹോട്ടലുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഇത്തരം ഹോട്ടലുകളിലെ സിലിണ്ടറുകൾ മറ്റ് ഹോട്ടലുകൾക്ക് ഉയർന്ന വിലയ്ക്ക് നൽകാൻ പലരും തയ്യാറാകുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിലിണ്ടറുകൾ എത്തിക്കുന്നവർക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാചകവാതക ക്ഷാമം മൂലം കേരളത്തിലെ പല ഹോട്ടലുകളും പ്രവർത്തനസമയം വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി അടച്ചിടുകയോ ചെയ്യുന്നതിനിടയിലാണ് ആലുവയിലെ ഈ വേറിട്ട പരീക്ഷണം.