തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണില്‍ പരിശോധന നടത്തി

  1. Home
  2. Trending

തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണില്‍ പരിശോധന നടത്തി

blast


തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറയിലെ രണ്ടു ഗോഡൗണുകളില്‍ പോത്തൻകോട് പോലീസ് പരിശോധന നടത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോത്തൻകോട് എസ്.എച്ച്‌.ഒ. രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്.

ഗോഡൗണുകളായി രണ്ടു വീടുകളാണ് വാടകയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നത്. രണ്ടു വീടുകള്‍ക്കുമായി പതിനായിരത്തോളം രൂപയാണ് വാടക നല്‍കുന്നത്. വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും പടക്കനിർമാണം നടത്തിയിരുന്ന വീട്ടിലും വലിയ ഗുണ്ടുകളും വെടിമരുന്നും തിരിയും ചെറിയ പടക്കങ്ങളും മറ്റു നിർമാണവസ്തുക്കളും തിരച്ചിലില്‍ കണ്ടെത്തി.

തൃപ്പൂണിത്തുറ പുതിയകാവില്‍ പടക്കം പൊട്ടിക്കുന്നതിനു കരാർ എടുത്തിരിക്കുന്നത് ശാസ്തവട്ടം സ്വദേശി ആദർശാണ്. പൊട്ടിത്തെറിയില്‍ ആദർശിനും ഗുരുതരമായി പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പുതിയകാവില്‍ സ്ഫോടനം നടന്നതിനുപിന്നാലെ മടവൂർപ്പാറയിലെ വീട്ടിലും നിർമാണശാലയിലും ഉണ്ടായിരുന്ന വൻതോതിലുള്ള വെടിമരുന്നുകളും മറ്റു നിർമാണസാമഗ്രികളും ജീവനക്കാരും സുഹൃത്തുക്കളും ചേർന്നു മാറ്റിയതായി പോലീസ് സംശയിക്കുന്നു.

ഉഗ്രസ്ഫോടനശേഷിയുള്ള ഗുണ്ടുകളും പടക്കങ്ങളും സമീപ പുരയിടങ്ങളില്‍ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അനുവദനീയമായതിലും കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ രണ്ടു ഗോഡൗണുകളിലും ശേഖരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പരിശോധനയ്ക്കായി പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട് പൂട്ടി ജീവനക്കാർ സ്ഥലംവിട്ടിരുന്നു. വീടിന്റെ ഒരു മുറിയില്‍നിന്നും കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പോലീസ് കണ്ടെത്തി.

രണ്ടു വീടുകളിലും പടക്കം നിർമിക്കാനോ സൂക്ഷിക്കാനോ ഉള്ള അനുമതി ഇല്ലെന്ന് പോലീസ് പറഞ്ഞു. പടക്കങ്ങളും മറ്റും എവിടേക്കാണ് മാറ്റിയത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സമീപത്തെ വീടുകളിലെ സി.സി.ടി.വി. ക്യാമറകളും പരിശോധിക്കും.

സംഭവവുമായി ബന്ധപ്പെട്ട് എക്സ്പ്ലോസീവ് കേസുള്‍പ്പെടെ പോത്തൻകോട് പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തു.