ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്; ഉപാധികളിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ

  1. Home
  2. Trending

ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്; ഉപാധികളിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ

iran


ഇറാനുമായുള്ള നിർണ്ണായകമായ സമാധാന കരാർ ഇന്ന് പാകിസ്താനിലെ ഇസ്‌ലാമാബാദിൽ വെച്ച് ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കൻ സംഘം ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്ക് തിരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീവ് വിറ്റ്‌കോഫ്, ജറാഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് വാൻസിനൊപ്പം ഉള്ളത്. എന്നാൽ വാൻസ് നാളെയാകും പാകിസ്താനിലേക്ക് പുറപ്പെടുകയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, തങ്ങളുടെ കർശനമായ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഇസ്‌ലാമാബാദ് ചർച്ചകളിൽ പങ്കെടുക്കൂ എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇറാനു മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. പരിധിവിട്ട ഉപാധികൾ സ്വീകാര്യമല്ലെന്ന് പാകിസ്താൻ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായും തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിച്ചാൽ മാത്രമേ രണ്ടാം ഘട്ട ചർച്ചകൾക്കുള്ളൂവെന്നാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്.

ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ട്രംപ് ആവർത്തിച്ചു. കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. അതിനിടെ, മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ട സുപ്രധാന സന്ദേശം ഇറാന് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്താൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പ്രശ്നപരിഹാരത്തിനായി മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.