മരടിൽ രണ്ട് കാറുകൾ കത്തിനശിച്ചു; വലിയ ശബ്ദത്തിൽ പൊട്ടിത്തെറി, ഒഴിവായത് വൻ ദുരന്തം
കൊച്ചി മരടിൽ കുണ്ടന്നൂർ പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് തീപിടിച്ചു. വലിയ ശബ്ദത്തോടെ ഒരു കാർ പൊട്ടിത്തെറിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കാറുകൾക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കാറുകൾക്ക് പുറമെ സമീപത്തുണ്ടായിരുന്ന ഹരിതകർമസേനയുടെ ഒരു ഉന്തുവണ്ടിയും തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കടവന്ത്രയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ജനനിബിഡമായ പ്രദേശത്ത് വെച്ചാണ് അപകടം നടന്നതെങ്കിലും കൃത്യസമയത്ത് അഗ്നിരക്ഷാസേന എത്തിയത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
