വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റ രണ്ടുപേർ അറസ്റ്റിൽ
വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റ രണ്ടുപേർ അറസ്റ്റിലായി. തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഒമലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. പഴംതീനി വവ്വാലുകളെയാണ് ഇവർ കൊന്ന് മാംസം വിറ്റത്. കമൽ, സെൽവം എന്നിവരാണ് അറസ്റ്റിലായത്. തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ വെടിയൊച്ചകൾ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതോടെ നടത്തിയ പട്രോളിങ്ങിലാണ് സംഘം പിടിയിലായത്. തുടർന്ന് ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ വവ്വാലുകളെ വേട്ടയാടി മാംസം തയാറാക്കിയ ശേഷം കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിൽക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നും സംശയാസ്പദമായ മാംസം പിടിച്ചെടുത്തിരുന്നു. ഭക്ഷ്യ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പട്ടിയിറച്ചിയാണെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. പിന്നീട് പരിശോധനകൾക്കുശേഷം ഇത് ആടിൻറെ മാംസമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
