കോൺഗ്രസ് വിട്ട് രണ്ട് യുവനേതാക്കൾ ബിജെപിയിൽ; ചിറയിൻകീഴിലും ചടയമംഗലത്തും എൻഡിഎ സ്ഥാനാർത്ഥികളാകും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും തിരിച്ചടി. ദളിത് കോൺഗ്രസ് നേതാവ് ബി.എസ്. അനൂപ്, യൂത്ത് കോൺഗ്രസ് നേതാവ് ആർ.എസ്. അരുൺ രാജ് എന്നിവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇരുവർക്കും അംഗത്വം നൽകി സ്വീകരിച്ചു.
ബി.എസ്. അനൂപ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇത്തവണ ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് അനൂപ് പാർട്ടി വിട്ടതെന്നാണ് വിവരം. മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് അനൂപ്.
അനൂപിനൊപ്പം ബിജെപിയിലെത്തിയ ആർ.എസ്. അരുൺ രാജ് ചടയമംഗലം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് കോൺഗ്രസിൽ നിന്ന് കൂടുതൽ കൊഴിഞ്ഞുപോക്കുകൾ ഉണ്ടാകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. പുതുതായി ബിജെപിയിലെത്തിയ രണ്ട് നേതാക്കൾക്കും നിർണ്ണായകമായ മണ്ഡലങ്ങളിൽ സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം.
