യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: വയനാട്ടിൽ നവംബർ 19 ന് ഹർത്താൽ പ്രഖ്യാപിച്ച് നേതാക്കൾ; കേന്ദ്ര അവഗണനയിൽ പ്രതിഷേധം
വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടിൽ ഈ മാസം 19 ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് ഹർത്താൽ. വിഷയത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമർശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂർത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു.
വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സംഭവത്തിൽ ഇതുവരെ യുഡിഎഫ് സമരം ചെയ്തിരുന്നില്ല. എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉൾപെടുത്തുകയോ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് യുഡിഎഫ് നിലപാട്. വയനാട്ടിൽ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.