നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3 കുട്ടികൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ആഹാദ് (4), ആദിൽ (8), അൽഫിസ (2) എന്നിവരാണ് മരിച്ചത്. ഐഷ (16), ഹുസൈൻ (5), സോഹ്‌ന (12), വാസിൽ (11), സമീർ (15) എന്നിവർ ഇപ്പോൾ ചികിത്സയിലാണ്. കുട്ടികൾ കളിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുനിതി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്തു. വീട് നാട്ടുകാരനായ സഗീറിൻ്റേതായിരുന്നു.മരിച്ച എല്ലാ കുട്ടികളും ഒരേ കുടുംബത്തിൽ പെട്ടവരായിരുന്നു,” ഡിസിപി വ്യക്തമാക്കി. കനത്ത മഴയെ തുടർന്നാണോ മതിൽ ഇടിഞ്ഞതെന്ന് വ്യക്തമല്ലെന്ന് സൂരജ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അതുല്‍ കുമാര്‍ അറിയിച്ചു.അതിനിടെ ഡൽഹി വസന്ത് നഗറിൽ നിർമാണ തൊഴിലാളികളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇന്നലെയാണ് സംഭവം. മൂന്നു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.