'ബജറ്റ് 2025': ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവ്; ക്യാൻസറിനുൾപ്പെടെയുള്ള മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നൊഴിവാക്കും

ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവ്. ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയും 2025ലെ കേന്ദ്ര ബഡ്‌ജറ്റ്.
രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും.
2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്നതിനായി യുവാക്കളെ പ്രാപ്‌തരാക്കുന്നതിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും. 500 കോടി രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനം.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
- സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നടപ്പാക്കും. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഉത്‌പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാവും.
- ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി. ഗ്രാമീണ മേഖലയിലെ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്.
- പയർവർഗ കാർഷിക രീതിയിൽ ആത്മനിർഭരതയ്ക്കായി ആറുവർഷ പദ്ധതി.
- പഴം-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി.
- ബീഹാറിൽ 'മഖാന ബോർഡ്'- മഖാന കർഷകർക്കായുള്ള പദ്ധതി.
- പരുത്തി കർഷകരുടെ ഉന്നമനത്തിനായി അഞ്ച് വർഷത്തെ പദ്ധതി.
- 7.7 കോടി കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ. കിസാൻ ക്രെഡിഡ് കാർഡ് പരിധി അഞ്ച് ലക്ഷമായി ഉയർത്തി
- ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓർഗനൈസേഷനാക്കി മാറ്റും.
- ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി.