അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു; വിശിഷ്ടാംഗത്വം രാജി വെച്ച് സി രാധാകൃഷ്ണൻ

  1. Home
  2. Trending

അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു; വിശിഷ്ടാംഗത്വം രാജി വെച്ച് സി രാധാകൃഷ്ണൻ

c radha krishnan


പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇക്കാലമത്രയും രാഷ്ട്രീയ സമ്മർദങ്ങൾ മറികടന്ന് സ്വയംഭരണവാകാശം നിലനിർത്തി പോന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് അക്കാദമി സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ സി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കൊല്ലം ഉദ്ഘാടനച്ചടങ്ങിന് കേന്ദ്രസഹമന്ത്രി പങ്കെടുത്തപ്പോൾ തന്നെ പ്രതിഷേധിച്ച കാര്യവും ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതും രാജിക്കത്തിൽ അദ്ദേഹം ഓർമപ്പെടുത്തുന്നുണ്ട്. അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള രാഷ്ട്രീയവത്കരണത്തെ ശക്തമായി എതിർക്കുന്നു. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളായത് കൊണ്ടല്ല, അക്കാദമിയോടുള്ള സ്നേഹം കൊണ്ടാണ്.

അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് ശ്രമം. ജനാധിപത്യപരമായ സ്വയംഭരണവകാശമുള്ള അക്കാദമിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നിശബ്ദനായി നോക്കിയിരിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും സി രാധാകൃഷ്ണൻ കത്തിൽ വ്യക്തമാക്കുന്നു. 2022 ലാണ് സി രാധാകൃഷ്ണന് അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിക്കുന്നത്. എംടി വാസുദേവൻ നായർക്ക് ശേഷം അക്കാദമിയുടെ ആദരം കിട്ടുന്ന മലയാളി സാഹിത്യകാരനാണ് ഇപ്പോൾ അംഗത്വം രാജിവെച്ചിരിക്കുന്നത്.