ദേശീയപാത നിർമാണത്തിന് അശാസ്ത്രീയ മണ്ണെടുപ്പ്; പോഴിക്കാവിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം; നേരിട്ട് പൊലീസ്
കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.
പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. സമരം നയിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാറിനെ പൊലീസ് വലിച്ചിഴച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പെലീസ് നടത്തുന്നത് നരനായാട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പൊലീസ് തന്നെ വലിച്ചിഴച്ചതായി സുരേഷ് കുമാര്‍ പ്രതികരിച്ചു.
രണ്ട് കയ്യിലും തൂക്കിയാണ് പൊലീസ് വലിച്ചിഴച്ചത്. നെഞ്ച് നിലത്ത് ഉരഞ്ഞുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പ്രഷറും ഷുഗറും അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണ് സുരേഷ് കുമാറെന്ന് സമരസമിതി അംഗങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് തങ്ങളെന്നും ഇങ്ങനെയാണോ പൊലീസ് പെരുമാറേണ്ടതെന്നും സമരസമിതി അംഗങ്ങള്‍ ചോദിച്ചു. പൊലീസ് മാന്യമായി പെരുമാറണമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു. പൊലീസിന്റെ ബലപ്രയോഗത്തിനിടെ യുവതി കുഴഞ്ഞുവീണു. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.