അസമയത്തെ വെടിക്കെട്ട് നിരോധനം; വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

  1. Home
  2. Trending

അസമയത്തെ വെടിക്കെട്ട് നിരോധനം; വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

hc kerala


അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവിനെ ആളുകള്‍ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാന്‍ സാധ്യത ഉണ്ടെന്നും അസമയം ഏതെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.ഏതെങ്കിലും ക്ഷേത്രത്തില്‍ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹര്‍ജിയിലും അത്തരം പരാതിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്.

2006-ല്‍ ഇതില്‍ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ വെടിക്കെട്ടുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആ അസമയം ഏതെന്ന് കോടതി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.