ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതായി യു.എസ് അവകാശവാദം
ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കി അമേരിക്കയും ഇസ്രായേലും. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗർഭ മിസൈൽ താവളങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയാതായി യു.എസ് സൈന്യം അവകാശപ്പെട്ടു. അന്താരാഷ്ട്ര ചരക്ക് കപ്പലുകൾക്ക് ഭീഷണിയുയർത്തുന്ന ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. കടുപ്പമേറിയ ഭൂഗർഭ താവളങ്ങൾ തകർക്കാൻ ശേഷിയുള്ള 5,000 പൗണ്ട് ഭാരമുള്ള 'ബങ്കർ ബസ്റ്റർ' (Bunker Buster) ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അതേസമയം, ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവിയും പ്രമുഖ നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയിയുടെ മരണത്തിന് ശേഷം രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആക്രമണത്തിൽ ലാരിജാനിയുടെ മകൻ മുർത്തസ ലാരിജാനി, ഓഫീസ് മേധാവി അലിരേസ ബയാത്ത് എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
അലി ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുൻപ് അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ ഇറാന്റെ പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ചിരുന്ന ലാരിജാനിയുടെ മരണം ഇറാന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാൽ, മുതിർന്ന നേതാക്കളുടെ വധത്തെത്തുടർന്ന് മേഖലയിൽ ഇറാൻ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
