പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ കെ സി ജോസഫ്

  1. Home
  2. Trending

പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ കെ സി ജോസഫ്

 ‌kc joseph


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് കെ സി ജോസഫ്. പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതം. വെള്ളാപ്പള്ളിയുടെ ചില പദപ്രയോഗങ്ങൾ ഒട്ടും നിലവാരം ഉള്ളതല്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് വി ഡി സതീശൻ കൈ ഉയർത്തി സംസാരിക്കുന്നത്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ദൈവമല്ല. പിണറായിക്ക് മുന്നിൽ കൈകൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം. പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് കുറിച്ചു.

കുറിപ്പിൻറെ പൂർണരൂപം

ആരെയും ഉപദേശിക്കാനല്ല ഈ പോസ്റ്റ് . ഒരു സമുദായ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് പറയട്ടെ , കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പറ്റി പറയുമ്പോൾ കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതായിരുന്നു അദ്ദേഹം വഹിക്കുന്ന വലിയ പദവിക്ക് ഉചിതം. അദ്ദേഹം ഉപയോഗിച്ച ചില പദങ്ങൾ ഒട്ടും നിലവാരമുള്ളതല്ല എന്ന് പറയാതിരിക്കാൻ കഴിയില്ല.

പിന്നെ "പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ" എന്ന പരാമർശനത്തെ പറ്റി- പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ദൈവമൊന്നുമല്ല. അദ്ദേഹത്തിന്റെ മുന്നിൽ കൈ കൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം . പ്രതിപക്ഷ നേതാവ് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയോട് കൈചൂണ്ടി സംസാരിച്ചോ എന്നറിയില്ല . സഭയിൽ കൈ ഉയർത്തി സംസാരിച്ചുവെങ്കിൽ അത് വലിയ കുറ്റമൊന്നുമല്ല. അങ്ങനെ കാണുകയും വേണ്ട. മുഖ്യമന്ത്രിയെ ഞങ്ങളും ബഹുമാനിക്കുന്നു . പക്ഷെ അദ്ദേഹത്തിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ ഞങ്ങൾ അടിമക്കൂട്ടമല്ല. പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യും.

സഭയിൽ വികാര തീവ്രമായ നിമിഷങ്ങളിൽ എന്തെല്ലാം സംഭവിക്കാറുണ്ട് . മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഭയിൽ എത്രയോ ആഭാസകരമായ വിമർശനങ്ങൾക്കും പ്രകടനങ്ങൾക്കും ഇരയായിട്ടുണ്ട്. മറ്റൊരു മുൻ മുഖ്യമന്ത്രിയെപ്പറ്റി 'വിഗ്രഹം ചുമക്കുന്ന കഴുത'യെന്ന് സ്വന്തം പാർട്ടിയിലെ ഒരു എംഎൽഎ സഭാവേദിയിൽ ആക്ഷേപിച്ചത് ഞങ്ങൾ കേട്ടതാണ്. വിമർശനങ്ങൾ നല്ലതാണ് . പക്ഷെ അതിന് ഉപയോഗിക്കുന്ന ഭാഷ നന്നാകുന്നത് എല്ലാവർക്കും നല്ലതാണ്.