നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചു; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍

  1. Home
  2. Trending

നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചു; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍

yanik sinner


ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍. നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടും താരത്തെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വിലക്കിയില്ലെന്നാണ് പരാതി. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഇറ്റലി താരം യാനിക് സിന്നറിനെതിരെ ഞ്ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് പദാര്‍ത്ഥം യാനിക് സിന്നര്‍ ഉപയോഗിച്ചതായി കണ്ടെത്തി. എട്ട് ദിവസത്തിന് ശേഷം മത്സരങ്ങള്‍ ഇല്ലാത്ത സമയത്ത് വീണ്ടും നടത്തിയ പരിശോധനയിലും സ്റ്റിറോയിഡിന്റെ സാന്നിധ്യം വ്യക്തമായി. 

എന്നാല്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ താരത്തെ ഭാവി മത്സരങ്ങളില്‍ നിന്ന് വിലക്കിയില്ല. പകരം ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ പങ്കെടുത്തതിന്റെ റാങ്കിംഗ് പോയിന്റും മാച്ച് ഫിയൂം തടഞ്ഞു. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ അല്‍കാരസിനോട് താരം പരാജയപ്പെട്ടിരുന്നു. ഈ സംഭവങ്ങള്‍ പുറം ലോകം അറിയുന്നത് അഞ്ച് മാസങ്ങള്‍ പിന്നിട്ടാണ്. ഇതോടെയാണ് ടെന്നീസിലെ പല താരങ്ങളും ഫെഡറേഷനെതിരെ രംഗത്ത് എത്തിയത്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ചതിന് വിലക്ക് നേരിട്ട താരങ്ങള്‍ ഇപ്പോള്‍ എന്ത് ചിന്തിക്കുന്നുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് എക്‌സില്‍ കുറിച്ചു. പല താരങ്ങള്‍ക്ക് പല നിയമങ്ങളെന്ന് കനേഡിയന്‍ താരം ഡെനിസ് ഷപോവലോവ് കുറ്റപ്പെടുത്തി. 

വിവാദം കനത്തതടെ മറുപടിയുമായി യാന്നിക് സിന്നര്‍ രംഗത്ത് വന്നു. ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന സമയത്ത് തന്റെ ഫിസിയോ തെറാപ്പിസ്റ്റിന്റെ കൈയ്യില്‍ മുറിവുണ്ടായി. ഈ മുറിവ് ഉണക്കുന്നതിനായി ഇറ്റലിയിലെ ഫാര്‍മസിയില്‍ സാധാരണയായി ലഭിക്കുന്ന സ്റ്റിറോയിഡ് വാങ്ങി ഉപയോഗിച്ചു. പിന്നീട് ഇതേ ഫിസിയോ തെറാപ്പിസ്റ്റ് ഗ്ലൗസ് ഉപയോഗിക്കാതെ തന്നെ മസ്സാജ് ചെയ്തു. ഇങ്ങനെയാണ് എന്റെ ശരീരത്തില്‍ സ്റ്റിറോയിഡിന്റെ സാന്നിധ്യമുണ്ടായതെന്ന് യാന്നിക് സിന്നര്‍ എക്‌സില്‍ കുറിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് തന്നെ വിലക്കാതിരുന്നതെന്നാണ് വാദം. ഈ വര്‍ഷത്തെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് ലോക ഒന്നാം നമ്പറില്‍ യാന്നിക് തിളങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണം താരം നേരിടേണ്ടി വരുന്നത്.