തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം; ആരോഗ്യപ്രശ്‌നങ്ങൾ; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ

  1. Home
  2. Trending

തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം; ആരോഗ്യപ്രശ്‌നങ്ങൾ; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ

uthara


ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്.

തുരങ്കത്തിൽ പെട്ടവർക്ക് പനി ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിനാൽ രക്ഷാപ്രവർത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഇതിനിടെ യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കൻ ആഗർ' എത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമാകും. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സഹായിക്കും. കഴിഞ്ഞദിവസം ചിൻയാലിസോർ വിമാനത്താവളം വഴിയാണ് അമേരിക്കൻ ആഗർ എത്തിച്ചത്.

4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണംവെച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് അമേരിക്കൻ ആഗർ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടർന്ന് 800-900 മില്ലീമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.