സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്

മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോക്ടർക്ക് പോലും മെഡിക്കൽ കോളജിനകത്തും സർക്കാർ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.
നിവൃത്തികേടുകൊണ്ട് പറഞ്ഞതാണെന്നാണ് ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതു ശരിയല്ല. സത്യം തുറന്നുപറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഡോക്ടർ പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അവസ്ഥ മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും, എല്ലാ സർക്കാർ ആശുപത്രികളിലും ഇതിനേക്കാൾ ദയനീയമായ അവസ്ഥയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ആലപ്പുഴയിലും കോഴിക്കോടും ഇതിനേക്കാൾ ദയനീയ സ്ഥിതിയാണ്. കഴിഞ്ഞ വർഷം 936 കോടി രൂപയാണ് മരുന്നുമേടിക്കാൻ ആവശ്യമുണ്ടായിരുന്നത്. 356 കോടി രൂപ ആദ്യം കൊടുത്തു. പിന്നീട് 150 കോടി രൂപയും കൊടുത്തു. 428 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ കൊടുക്കാൻ ബാക്കിയുള്ളത്. ഈ വർഷം മരുന്നു വാങ്ങുന്നതിന് 1015 കോടിയാണ് കൊടുക്കേണ്ടത്. എന്നാൽ അതിന് 356 കോടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവുമായി മരുന്നു സപ്ലൈ ചെയ്യുന്നതിനായി 1100 കോടി രൂപ സർക്കാർ കൊടുക്കാനുണ്ട്. പിന്നെങ്ങനെ മരുന്നുകൾ സപ്ലൈ ചെയ്യും. അതിനാൽ മരുന്ന് സപ്ലൈ ചെയ്യുന്ന കമ്പനികളൊന്നും മരുന്ന് കൊടുക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകുന്നില്ല. പഞ്ഞിയും നൂലും പോലും കൊടുക്കുന്നില്ല. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നാൻ സൂചിയും നൂലുമെല്ലാം വാങ്ങി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടരുന്നു. ഇതൊന്നും തടയാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. പി ആർ വർക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല പി ആർ ആണ്. ചോദിച്ചുകഴിഞ്ഞാൽ 15 കൊല്ലം മുമ്പത്തെ കാര്യം പറയും. 15 കൊല്ലം മുമ്പത്തെ സർക്കാർ ആശുപത്രികളിലെ രോഗികളുടെ എണ്ണമാണോ ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചെലവ് ഭീകരമാണ്. മധ്യവർഗത്തിൽപ്പെട്ട ഒരാൾക്കു പോലും സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ കഴിയാത്തതാണ്. അതുകൊണ്ടാണ് പാവപ്പെട്ടവരും ഇടത്തരക്കാരുമെല്ലാം കൂട്ടത്തോടെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അതിനാൽ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പാവപ്പെട്ട ആളുകൾക്ക് മരുന്ന് നൽകുന്നതിനല്ലേ സർക്കാർ മുൻഗണന നൽകേണ്ടത്. അതല്ലാതെ ആളുകൾക്ക് പുറത്തേക്ക് മരുന്ന് കുറിച്ചു കൊടുക്കുന്ന അവസ്ഥയാണോ വേണ്ടത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് പുറത്തു നിന്നും വാങ്ങാൻ സാധിക്കാത്ത പാവപ്പെട്ട രോഗികൾ എന്തു ചെയ്യും. പിന്നെ എന്തിനാണ് സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും?. സത്യം തുറന്നു പറഞ്ഞവരെ പേടിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ സ്വരത്തിലും എം വി ഗോവിന്ദന്റെ വർത്തമാനത്തിലും ഒരു ഭീഷണിയുടെ സ്വരമുണ്ട്. അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.