ഭൂരിപക്ഷത്തിനും വേണ്ടാത്ത ആളായി മാറി; പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനാവില്ല, ഉയരുന്നത് ഗുരുതര ആരോപണങ്ങൾ: വി. മുരളീധരൻ

  1. Home
  2. Trending

ഭൂരിപക്ഷത്തിനും വേണ്ടാത്ത ആളായി മാറി; പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനാവില്ല, ഉയരുന്നത് ഗുരുതര ആരോപണങ്ങൾ: വി. മുരളീധരൻ

v muraleedharan


മുഖ്യമന്ത്രിക്കെതിരേ പി.വി അന്‍വര്‍ ഉന്നയിക്കുന്നത് ഗൗരവതരമായ ആരോപണങ്ങളാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. സധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും വേണ്ടാത്ത ആളായി മുഖ്യമന്ത്രി മാറിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇനിയും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി അന്‍വറിന്റേത് ഗൗരവതരമായ ആരോപണങ്ങളാണ്. ഒരാള്‍ക്കുവേണ്ടി പാര്‍ട്ടി മുഴുവന്‍ തകരുന്ന സാഹചര്യം ഉണ്ടാക്കുന്നു. പി. ശശിയേയും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെയും സംരക്ഷിക്കുന്നതിനായി ഇവര്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി സ്വയം നേരിട്ടിറങ്ങുകയാണ്. പി. ശശി സംസ്ഥാന സമിതി അംഗമായതിനാല്‍ ഒരു തെറ്റും ചെയ്യില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വയം എടുക്കുകയാണ്.

കരിപ്പൂര്‍ കേന്ദ്രമായി നടക്കുന്ന സ്വര്‍ണ കള്ളക്കടത്തില്‍ അജിത്ത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ തയാറാകാത്തത്‌ റിയാസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് പറയുമ്പോള്‍ റിയാസിന് ഇത്തരം കാര്യങ്ങളുമായി ബന്ധമുണ്ടെന്ന് അന്‍വര്‍ നേരിട്ട് പറഞ്ഞില്ലെങ്കിലും പറയാതെ പറയുകയാണ്, മുരളീധരന്‍ ആരോപിച്ചു.

സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി കസ്റ്റഡി മരണങ്ങള്‍ക്കും സ്വര്‍ണക്കടത്തിനുമെല്ലാം നേതൃത്വം നല്‍കുന്നുവെന്ന ഭരണ കക്ഷിയില്‍ പെടുന്ന ഒരു എം എല്‍ എ ആരോപിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മാധ്യമ പ്രവര്‍ത്തകരോട് ചിരിച്ച് ഒഴിഞ്ഞുമാറാനാകില്ല. അതിന് മറുപടി നല്‍കേണ്ടിവരും. പി. ശശി ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണെന്ന് പറയുമ്പോള്‍ അയാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ആ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ട് നിരന്തരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന് ഭരണപക്ഷ എം.എല്‍.എയാണ് ആരോപിക്കുന്നത്.

നേരത്തെ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍ കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് പെട്ടിരിക്കുന്നത്.

ഇത്തരം ഗൗരവതരമായ ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നത് മാധ്യമങ്ങളോട് വിശദീകരിക്കാനൊന്നുമില്ലാത്തതുകൊണ്ടാണ്. കേരളത്തിലെ സധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും വേണ്ടാത്ത ആളായി മുഖ്യമന്ത്രി മാറിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല, മുരളീധരന്‍ പറഞ്ഞു.