പാലക്കാട്ടേത് സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലത്, മഹാരാഷ്ട്രയിലേത് പറയാം; വി മുരളീധരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കഴിഞ്ഞ മൂന്നുമാസമായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രചാരണത്തിന് പോയി എന്നതല്ലാതെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. അതുകൊണ്ട് ആ കാര്യങ്ങളൊക്കെ സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാകും നല്ലത്. മഹാരാഷ്ട്രയെക്കുറിച്ച് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ഞാന്‍ പറയാം. ഈ തിരഞ്ഞെടുപ്പില്‍ ഓഗസ്റ്റ് പകുതി തൊട്ട് കഴിഞ്ഞ 20 വരെ മുംബൈ കേന്ദ്രീകരിച്ച് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് ഇവിടെ എന്തൊക്കെ നടപ്പിലായി, നടപ്പിലായില്ല എന്നതൊന്നും അറിയില്ല. അതൊക്കെ പാര്‍ട്ടി വിലയിരുത്തും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രസിഡന്റ് പറയും'', വി. മുരളീധരന്‍ പറഞ്ഞു.