തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റേത് വൈകാരികമായി ഉണ്ടായ പ്രസ്താവനയെന്ന് വി ഡി സതീശന്‍

  1. Home
  2. Trending

തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റേത് വൈകാരികമായി ഉണ്ടായ പ്രസ്താവനയെന്ന് വി ഡി സതീശന്‍

v d satheesan


റബ്ബര്‍ വില വർധിപ്പിച്ചാൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായി ഉണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയാണത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടി രൂപയുടെ റബ്ബര്‍ വില സ്ഥിരതാ ഫണ്ട് മുഴുവനായും കേരളത്തിൽ ചെലവാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആ ഫണ്ട് ചെലവാക്കുന്നില്ല. റബ്ബര്‍ കര്‍ഷകര്‍ക്ക് യാതൊരു ഗ്യാരണ്ടിയും കിട്ടുന്നുമില്ല. എന്നാൽ ആ കാരണം കൊണ്ട് ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും സതീശൻ പറഞ്ഞു.   

പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ ജയിലിലിട്ട് കൊലപ്പെടുത്തിയത് മോദിയുടെ ഭരണകൂടമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 500ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്രൈസ്തവരാണ് എല്ലായിടത്തും മതപരിവര്‍ത്തനം നടത്തുന്നതെന്ന് ആക്ഷേപം ഉന്നയിച്ച് അവരെല്ലാം ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളാണെന്നും സതീശന്‍ ആരോപിച്ചു.