പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്, ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് വിജയം; വി.ഡി സതീശന്‍
കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍ വിശ്വസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ബിജെപിയെ ദുര്‍ബലപ്പെടുത്താനല്ല കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. ഞങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമാണിത്. ബിജെപിയും സിപിഎമ്മും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനെതിരായ ജനവിധിയാണിത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന് എല്ലാവരോടും നന്ദി പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിയുടെ വോട്ട് കുറഞ്ഞു. ഇ ശ്രീധരന് ലഭിച്ചത് 50,000 വോട്ടാണ്. കൃഷ്ണകുമാര്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 38,000 ന് മുകളിലാണ്. പാലക്കാട് സിപിഎം തകര്‍ന്നപ്പോള്‍ ബിജെപി വളര്‍ന്നു. 10 കൊല്ലം മുമ്പ് എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. ഇന്നവര്‍ മൂന്നാം സ്ഥാനത്താണ്. സിപിഎം തകര്‍ന്നപ്പോഴാണ് ബിജെപി പാലക്കാട് വളര്‍ന്നത്. അവരെ പിടിച്ചുകെട്ടിയത് യുഡിഎഫാണെന്നും സതീശന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് നല്‍കിയത് നല്ലൊരു പാഠമാണ്. ഒരുമിച്ച് ഒരു ടീമായി പ്രവര്‍ത്തിച്ചാല്‍ വിജയമുറപ്പാണെന്ന ആ പാഠമനുസരിച്ച് ഇനി പ്രവര്‍ത്തിക്കും. ഏല്‍പ്പിച്ച തിരഞ്ഞെടുപ്പ് ആത്മാര്‍ഥമായി ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിനെ ഒരാഴ്ചയ്ക്ക് മുന്നെ കോണ്‍ഗ്രസില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. സിപിഎമ്മിന്റെ ക്ലീന്‍ ചിറ്റുകൂടി കിട്ടിയതിന് ശേഷമാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. അതിന് ശേഷം മുമ്പ് പറഞ്ഞതൊക്കെ സിപിഎം മറന്നു. വര്‍ഗീയ വിഷം ഇളക്കിവിടുന്ന പത്രപ്പരസ്യമുള്‍പ്പെടെ നല്‍കിയത് ആരും മറന്നില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.