എന്തിനാണ് 5 മാസം?, മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതിയാകും എന്ന ഭയമുണ്ടോ?; പൂരം കലക്കിയ കേസന്വേഷണത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിച്ചുവെന്ന് വി.ഡി. സതീശൻ

  1. Home
  2. Trending

എന്തിനാണ് 5 മാസം?, മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതിയാകും എന്ന ഭയമുണ്ടോ?; പൂരം കലക്കിയ കേസന്വേഷണത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിച്ചുവെന്ന് വി.ഡി. സതീശൻ

vd satheeshan


തൃശ്ശൂര്‍ പൂരം കലക്കിയ കേസന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചുകളിച്ചുവെന്ന് വി.ഡി. സതീശൻ. 2024 ഏപ്രിൽ 21-ന് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ ഉത്തരവില്‍ മുഖ്യമന്ത്രി പറയുന്നത് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ്. ഇപ്പോൾ, അ‍ഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് അഞ്ച് മാസം കഴിഞ്ഞും റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്തിനാണ് പിണറായി ആ കസേരയില്‍ ഇരിക്കുന്നത്. അദ്ദേഹത്തെക്കൊണ്ട് പോലീസിനെ നിയന്ത്രിക്കാന്‍ പറ്റില്ല. മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല. പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞുകൊടുക്കണം.

അതോ, പൂരം കലക്കിയത് യഥാര്‍ഥത്തില്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതിയാകും എന്ന ഭയംകൊണ്ടാണോ അന്വേഷിക്കാത്തത്. ഒരു അന്വേഷണം നടക്കുന്നില്ലെന്ന് മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ബലിയാടാക്കി. ആ ഉദ്യോ​ഗസ്ഥനെ വെച്ച് അന്വേഷിക്കാനാകില്ലെന്നാണ് പറയുന്നത്. എന്നാൽ, ആരോപണവിധേയനായ എ.ഡി.ജി.പിയെ നിലനിർത്തി അന്വേഷിക്കാം.

തന്റെ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി കൊടുത്തിരിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാനാകില്ലെന്നാണ് പറഞ്ഞത്. ഫോണ്‍ ചോര്‍ത്തുന്നത് പൊതുപ്രവർത്തകർക്ക് ചേരാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു ​ഗുരുതര ആരോപണം കൂടെ മുഖ്യമന്ത്രി ഉന്നയിച്ചു, കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് പോലീസ് പിടിച്ചപ്പോൾ ഒരുപാട് പേർക്ക് വേദനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണെന്ന് വളരെ വ്യക്തമാണ് അപ്പോൾ. മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എയ്‌ക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി എന്ന് വ്യാജപ്രചരണം നടത്തിയത് ദേശാഭിമാനിയാണെന്ന് ഈ മുഖ്യമന്ത്രിയുടെ പോലീസ് തന്നെ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.