ശ്വാസകോശ രോഗി മരിച്ചത് പുക കാരണമെന്ന് ആരോപണം; ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി

  1. Home
  2. Trending

ശ്വാസകോശ രോഗി മരിച്ചത് പുക കാരണമെന്ന് ആരോപണം; ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി

veena george


കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ പുക കാരണമാണെന്ന ആരോപണത്തിൽ നടപടി എടുത്ത് ആരോഗ്യമത്രി വീണ ജോർജ്. സംഭവത്തിൽ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. മരിച്ചയാളുടെ ശരീരത്തിലെ ഡയോക്സിൻ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് എറണാകുളത്ത് ആരോഗ്യ സർവെ ആരംഭിച്ചെന്നും, ഇതുവരെ 1567 ആളുകളുടെ വിവര ശേഖരണം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. 11 ശ്വാസ് ക്ലിനിക്കുകൾ പുതുതായി തുടങ്ങിയിട്ടുണ്ട്. ഇതുവരെ 1249 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇന്ന് മാത്രം ചികിത്സ തേടിയത് 68 പേരാണ്. ഇന്നലെ രണ്ട് മൊബൈൽ യൂണിറ്റുകൾ ഉണ്ടായിരുന്ന ജില്ലയിൽ ഇന്ന് 6 എണ്ണം പ്രവൃത്തിക്കുന്നുണ്ട്. കണ്ണ് ചോറിച്ചിൽ, ശ്വാസകോശ സംബന്ധമായ അസുഖം, ചോറിച്ചിൽ എന്നിവയ്ക്കാണ് കൊച്ചിയിൽ ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു. 

ബ്രഹ്‌മപുരത്ത് തീപിടിച്ച് പത്തു ദിവസത്തിന് ശേഷമാണ് ജനങ്ങളോട് മാസ്ക് വെയ്ക്കാൻ പറഞ്ഞതെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് മന്ത്രി അറിയിച്ചു. മാർച്ച് അഞ്ചിന് തന്നെ എറണാകുളത്ത് എത്തി വാർത്താ സമ്മേളനം നടത്തിയിരുന്നുവെന്ന് വീഡിയോ കാണിച്ച് കൊണ്ട് മന്ത്രി വിശദീകരിച്ചു. തുറന്ന സമീപനമാണ് സർക്കാർ വിഷയത്തിൽ കാണിക്കുന്നതെന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.