പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ ; സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്

  1. Home
  2. Trending

പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ ; സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്

Nipah


നിപ്പ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റിൽ സർവകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു. 

ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയിൽനിന്ന് കുറെ പേർക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് സമ്പർക്കത്തിലെ എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കും. ഫോൺ ലൊക്കേഷൻ കൂടി ശേഖരിച്ച് സമ്പർക്ക പട്ടിക തയാറാക്കും. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും നില തൃപ്തികരമാണ്. 9 വയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുന്നു. കോഴിക്കോട്ടെ മൊബൈൽ ലാബിൽ പരിശോധിച്ചാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊബൈൽ ലാബിന് ഒന്നര മണിക്കൂറിൽ 192 സാംപിൾ പരിശോധിക്കാൻ ശേഷിയുണ്ട്. രോഗവ്യാപന കാലഘട്ടം തിരിച്ചറിഞ്ഞ് കലണ്ടർ തയാറാക്കി. രോഗപ്രതിരോധനത്തിനായി ബോധവത്കരണം നടത്തുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

ജാനകിക്കാട് മേഖലയിൽ കാട്ടുപന്നികൾ ചത്തത് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വവ്വാൽ ആണ് രോഗ വ്യാപനത്തിനു കാരണമെന്നാണു നിലവിലെ നിഗമനം. വവ്വാലുകളെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കരുത്. അത്തരം സന്ദർഭങ്ങളിലാണ് രോഗവ്യാപന സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ കേന്ദ്ര സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളജിലും കുറ്റ്യാടിയിലുമായി രണ്ട് സംഘങ്ങളായാണു സന്ദർശനം നടത്തുകയെന്നാണ് വിവരം. നിലവിൽ നിപ്പ ബാധിതരുടെ എണ്ണം അഞ്ചായി. നാലു പേരാണു ചികിത്സയിലുള്ളത്.