വീരപ്പന് സ്മാരകം വേണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി

കാട്ടുകൊള്ളക്കാരൻ വീരപ്പന് സ്മാരകം വേണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഭർത്താവ് വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുത്തുലക്ഷ്മി. ഈ ആവശ്യവുമായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകുമെന്നും അവർ പറഞ്ഞു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെത്തുന്നത് തമിഴ്നാട്ടിലെ യുവാക്കളുടെ പ്രാദേശിക തൊഴിലവസരങ്ങളെ ബാധിക്കുമെന്നും അവർ പറഞ്ഞു. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെയും മുത്തുലക്ഷ്മി വിമർശിച്ചു. ബിജെപി സഖ്യങ്ങൾ സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.
1990-2000 കാലത്ത് തമിഴ്നാട്, കേരളം, കർണാടക വനമേഖലകൾ അടക്കിവാണിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പൻ. 2004 ഒക്ടോബറിലാണ് വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത്.കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ 2000 ജൂലൈ 30ന് വീരപ്പൻ തട്ടിക്കൊണ്ടുപോയിരുന്നു. 100 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയച്ചത്. വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൗത്യ സേന വെടിവച്ചു കൊന്നത്.