പൊലീസ് - ഗുണ്ടാ ബന്ധം പിടിക്കാൻ രഹസ്യ പൊലീസ്; 9 വർഷം മുൻപു നിലച്ച വിജിലൻസ് സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു

  1. Home
  2. Trending

പൊലീസ് - ഗുണ്ടാ ബന്ധം പിടിക്കാൻ രഹസ്യ പൊലീസ്; 9 വർഷം മുൻപു നിലച്ച വിജിലൻസ് സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു

POLICE


ഗുണ്ടാബന്ധം നാണക്കേടായ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ചു ദിവസേന റിപ്പോർട്ട് നൽകാൻ ആഭ്യന്തര വിജിലൻസ് സെല്ലുകൾ രൂപീകരിച്ചു. ഇന്റലിജൻസിലും സ്പെഷൽ ബ്രാഞ്ചിലുമുള്ള സിപിഎം അനുകൂലികളും ഗുണ്ടാബന്ധമുള്ളവരും മേലുദ്യോഗസ്ഥർക്കു തെറ്റായ വിവരമാണ് നൽകുന്നതെന്ന വ്യാപക ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് 9 വർഷം മുൻപു നിലച്ച ആഭ്യന്തര വിജിലൻസ് സെല്ലുകൾ പുനരുജ്ജീവിപ്പിച്ചത്. 

പുതിയ സെല്ലിൽ പ്രവർത്തിക്കുന്നവരുടെ പേരുവിവരം ജില്ലാ പൊലീസ് മേധാവികളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കില്ല. ക്രമസമാധാനച്ചുമതല ഇല്ലാത്ത, സ്പെഷൽ യൂണിറ്റുകളിൽ നിന്നുള്ള എസ്പിമാർക്കാണ് ജില്ലകളിൽ സെല്ലിന്റെ ചുമതല. കമ്മിഷണറേറ്റ് സംവിധാനമുള്ള നഗരങ്ങളിൽ എസ്പിയുടെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും മറ്റു ജില്ലകളിൽ എസ്പിയുടെ നേതൃത്വത്തിൽ 5 ഉദ്യോഗസ്ഥരുമാണു സെല്ലിലുള്ളത്. അച്ചടക്കനടപടി നേരിട്ടിട്ടില്ലാത്ത സത്യസന്ധരെയാണ് നിയോഗിച്ചിരിക്കുന്നത്. 

പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് എസ്പിമാർ ദിവസേന റിപ്പോർട്ട് നൽകേണ്ടത്. സെൽ മേധാവികളുടെ ആദ്യ യോഗം കഴിഞ്ഞദിവസം ചേർന്നു. ഡിജിപിയും എഡിജിപിയും ഇവർക്കുവേണ്ട നിർദേശങ്ങൾ നൽകി. പൊലീസുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിൽനിന്നുമുള്ള എല്ലാ മാധ്യമവാർത്തകളും അതേദിവസം റിപ്പോർട്ട് ചെയ്യണമെന്നും ഇവ അന്വേഷിച്ചുള്ള വിശദ റിപ്പോർട്ട് പിന്നാലെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.