വിജയലക്ഷ്മിയുടെ കൊലപാതകം; കൊന്നത് വൈരാഗ്യം മൂലം, ശേഷം മൃതദേഹം കുഴിച്ചിട്ടു
കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ (48) അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്‍റെ മൊഴിയിലുണ്ട്. ജയചന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പൊലിസ് പരിശോധന നടത്തുന്നത്. മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടുപിടിക്കുന്നതിനാണ് പരിശോധന.