കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു; ഒരു കോടിയിലധികം പണം പിടികൂടി

  1. Home
  2. Trending

കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു; ഒരു കോടിയിലധികം പണം പിടികൂടി

Suresh kumar


കൈക്കൂലി കേസിൽ പിടികൂടിയ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെ 14 ദിവസത്തേക്ക് തൃശ്ശൂർ വിജിലൻസ് കോടതി സുരേഷ്കുമാറിനെ റിമാന്റ് ചെയ്തിരുന്നു. ഒരു കോടിയിലുമധികം പണവും, വിവിധ പാരിതോഷികങ്ങളുമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

ഇന്നലെ മണ്ണാർക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെയായിരുന്നു സുരേഷ് കുമാർ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. തുടർന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപയാണ് കണ്ടെത്തിയത്.

45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെയും, 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിന്റെയും രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ,കുടംപുള്ളി, മദ്യം, പേന എന്നിവയും പിടിച്ചെടുത്തു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിട്ടുണ്ട്.