സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താൻ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയതെന്ന് നടി വിൻസി അലോഷ്യസ്
സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താൻ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയതെന്ന് നടി വിൻസി അലോഷ്യസ്. നടിയുടെ പരാതി വലിയ വിവാദമായി മാറിയിരുന്നു. പരാതിയിൽ പരാമർശിച്ച സിനിമയുടെയോ നടന്റെയേ പേര് പുറത്ത് വിടരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ആ പേരുകളെല്ലാം ലീക്കായെന്നാണ് വിൻസി പറയുന്നത്. നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയാണ് വിൻസി പരാതി നൽകിത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിൻസി മനസ് തുറന്നത്. ''ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ആരിൽ നിന്നാണോ മോശം അനുഭവം ഉണ്ടായത് ആ വ്യക്തിയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ തീരുമാനിച്ചു. അതിന്റെ കാരണവും വ്യക്തമാക്കി. അതിനെക്കുറിച്ച് പല കമന്റുകളും വന്നപ്പോൾ എന്റെ ഭാഗം വ്യക്തമാക്കി ഒരു വിഡിയോ ചെയ്തു. അതുവരെ ഞാൻ ശരിയായിരുന്നു. പിന്നീട് പലതരം സമ്മർദങ്ങളുണ്ടായി. എന്നെക്കൊണ്ട് നിർമാതാക്കളുടെ സംഘടനയിൽ പരാതി കൊടുപ്പിച്ചു. അത് വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്'' എന്നാണ് വിൻസി പറയുന്നത്.
സിനിമയിലെ മോശം കാര്യങ്ങൾ തീർച്ചയായും ചോദ്യം ചെയ്യണമെന്നും അതിനാണ് അമ്മ, നിർമാതാക്കളുടെ സംഘടന, ഇന്റേണൽ കമ്മിറ്റി, ഫിലിം ചേംബറിന്റെ മോണിറ്റിങ് ടീം എന്നിവർക്ക് പരാതി നൽകിയെന്നതും വിൻസി ചൂണ്ടിക്കാണിക്കുന്നു. അതേസമയം സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പക്ഷെ ആ പേരുകളെല്ലാം ലീക്കായി. ആരാണ് അതിന് പിന്നിലെന്ന് അറിയില്ലെന്നും അത് വേണ്ടിയിരുന്നില്ലെന്നും വിൻസി പറയുന്നു.
അതേസമയം തനിക്ക് വേണമെങ്കിൽ തന്റെ മാത്രം പ്രശനമാണെന്ന് കരുതി മാറി നിൽക്കാമായിരുന്നു. എന്നാൽ ഒരു മാറ്റത്തിന് കാരണമാകുന്നെങ്കിൽ ആകട്ടെ എന്നു കരുതിയാണ് മുന്നോട്ട് പോയതെന്നും വിൻസി പറയുന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പരാതിയിൽ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബിധിച്ചു. സോഷ്യൽ മീഡിയയിൽ നിന്നും അവർക്ക് അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും വിൻസി പറയുന്നു. അതിന് താനൊരു കാരണമായല്ലോ എന്ന കുറ്റബോധം വിൻസിയ്ക്കുണ്ട്.
