മണിപ്പൂരിൽ കലാപം രൂക്ഷം, ഇടപ്പെട്ട് കേന്ദ്രം; അമിത് ഷാ ഡൽഹിയിൽ തുടരുന്നു
മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിടപെട്ട് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സായുധ സംഘങ്ങൾക്കെതിരെ 24 മണിക്കൂറിനകം കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്ന് മെയ്തെയ് സംഘടന അന്ത്യ ശാസനം നൽകി.
മണിപ്പൂർ വീണ്ടും കത്തുകയാണ്. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം രൂക്ഷമായത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധം. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പോലീസ് തുരത്തിയത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.
ഇംഫാൽ മേഖലയിലെ പള്ളികളും തീയിട്ടു. സർക്കാർ ഇടപെടൽ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎക്ക് കൈമാറാനാണ് പോലീസിന് നിർദേശം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും ഇന്ന് നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കിയാണ് അമിത് ഷാ ഡൽഹിയിൽ തുടരുന്നത്.