ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്; ആരോഗ്യവാന്മാർ

  1. Home
  2. Trending

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്; ആരോഗ്യവാന്മാർ

uthara


ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്. 

കുടുങ്ങിക്കിടക്കുന്നവർക്കു പൈപ്പിലൂടെ ബോട്ടിലുകളിൽ 'കിച്ചടി' നൽകാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരൻ ഹേമന്ത് പറഞ്ഞു. ''ചൂടുള്ള ഭക്ഷണം തുരങ്കത്തിനുള്ളിലേക്ക് അയയ്ക്കും. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം അയയ്ക്കുന്നത്. ഞങ്ങൾ കിച്ചടി ഉണ്ടാക്കുകയാണ്. നിർദേശം അനുസരിച്ചാണു തൊഴിലാളികൾക്കു ഭക്ഷണങ്ങൾ ഞങ്ങൾ ഉണ്ടാക്കുന്നത്' ഹേമന്ത് പറഞ്ഞു.

തുരങ്കത്തിലേക്കു സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാൻ സാധിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള കേണൽ ദീപക് പാട്ടിൽ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യനില കണക്കാക്കി നൽകാനാവുന്ന ഭക്ഷണത്തിന്റെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ദീപക് പാട്ടീൽ പറഞ്ഞു. തുരങ്കത്തിനുള്ളിലേക്ക് മെഷീൻ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഡയറക്ടർ അൻഷു മനിഷ് ഖുൽകോ പറഞ്ഞു.