വിഴിഞ്ഞം അപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകി

  1. Home
  2. Trending

വിഴിഞ്ഞം അപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകി

anandhu


വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കല്ലുമായി പോയ ലോറിയിൽ നിന്ന് പാറ വീണ് ബി.ഡി.എസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം കൈമാറി. അദാനി പോർട്‌സ് നൽകിയ ഈ തുക കുടുംബത്തിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചു.

2024 മാർച്ച് 19-ന് വിഴിഞ്ഞം - ബാലരാമപുരം റോഡിൽ മുക്കോലയ്ക്ക് സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്. ലോറി കുഴിയിൽ വീണപ്പോൾ തെറിച്ചു വീണ വലിയ പാറക്കല്ല് ബൈക്ക് യാത്രക്കാരനായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അനന്തുവിന്റെ വേർപാടിലും അവരുടെ സാമ്പത്തിക ബാധ്യതകളും പരിഗണിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിഷയത്തിൽ ഇടപെട്ട് റിപ്പോർട്ട് തേടിയിരുന്നു.

നഷ്ടപരിഹാരത്തിന് പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി സഹായം ലഭ്യമാക്കാനും അനന്തുവിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് നടപടികൾ ഇതോടെ പൂർത്തിയായി.