വോട്ട്കൊളളയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു
വോട്ട്കൊളള പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു. അതേസമയം വോട്ടർപട്ടിക ക്രമേക്കേടിൽ പരാതിക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഉച്ചക്ക് 12 മണിക്ക് കമ്മീഷൻ ഓഫീലെത്താനാണ് നിർദേശം. കൂടിക്കാഴ്ചയിൽ 30 പേർക്ക് പങ്കെടുക്കാം. അതേസമയം, എൻഡിഎ സർക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങൾ ഉയർത്തി രാജ്യവ്യാപകമായ കാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 'votechori.in' എന്ന വെബ്സൈറ്റ് ആരംഭിച്ചു.
9650003420 എന്ന നമ്പർ മുഖേനയും കാമ്പയിനിൽ പങ്കാളികളാകാം. 'ഒരു വ്യക്തി, ഒരു വോട്ട് എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് എക്‌സിൽ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുതാര്യമായ വോട്ടർ പട്ടിക അത്യാവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
