പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് വി.എസ്.സുനിൽകുമാർ
തൃശൂർ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ. പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താൻ ഉന്നയിച്ചിരുന്നതാണെന്നും സുനിൽകുമാർ പറഞ്ഞു. എന്നാൽ അന്ന് തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ.അജിത് കുമാറിന് ഇതിൽ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്നും സുനിൽ കുമാർ അറിയിച്ചു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നതായും സുനിൽ കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താൻ കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
''പകൽപ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാൽ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നതും ആർഎസ്എസ് നേതാക്കൾ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ല. പൂരം കലക്കാൻ പിന്നിൽ എൽഡിഎഫാണെന്ന് വരുത്തിതീർക്കാൻ ബിജെപി - ആർഎസ്എസ് ശ്രമം നടത്തി.
അതിന്റെ ദോഷഫലം എൽഡിഎഫ് സ്ഥാനാർഥിയായ എനിക്കാണ് ബാധിച്ചത്. താനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിർത്തി വയ്ക്കാൻ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? പിന്നിൽ ആർഎസ്എസ് - പൊലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സർക്കാരാണ്. ലോക്‌സഭാ സ്ഥാനാർഥിയെന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെടുന്നതിൽ അനൗചിത്യമുണ്ടായിരുന്നു.'' - സുനിൽകുമാർ പറഞ്ഞു.