വാളയാർ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സർക്കാർ

  1. Home
  2. Trending

വാളയാർ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സർക്കാർ

k rajan


വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. തൃശൂരിൽ വെച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് തന്നെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഇതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തിൽ തിരിച്ചയക്കും.

കേസിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രതികൾക്കെതിരെ എസ്‌.സി, എസ്‌.ടി വകുപ്പുകൾ ചുമത്തി കർശന നടപടി സ്വീകരിക്കും. കുറ്റക്കാരെ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. പത്ത് ലക്ഷം രൂപയുടെ ധനസഹായം മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത ശേഷം എത്രയും വേഗം കുടുംബത്തിന് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരയുടെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി ആവർത്തിച്ചു.