വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; ഞായറാഴ്ച വഖഫ് ബച്ചാവോ മാർച്ച്

  1. Home
  2. Trending

വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; ഞായറാഴ്ച വഖഫ് ബച്ചാവോ മാർച്ച്

 waqf


വഖഫ് നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. തെലങ്കാനയിലും പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് നേതാക്കളും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും ചേർന്ന് ഏപ്രിൽ 13 ന് ഹൈദരാബാദിൽ ‘വഖഫ് ബച്ചാവോ മാർച്ച്’ നടത്തും. ഡോ. അംബേദ്കറുടെ പ്രതിമയ്ക്ക് അടുത്തുള്ള ഹുസൈൻ സാഗറിന് സമീപം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് പ്രതിഷേധം. 

വഖഫ് ബോർഡിലും വഖഫ് ട്രിബ്യൂണലിലും അനാവശ്യമായ മാറ്റങ്ങൾ വരുത്തുകയും അധികാരം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നും  ഇത് പല സ്വത്തുക്കളുടെയും വഖഫ് പദവി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും  കർവാൻ കോൺഗ്രസ് പാർട്ടിയുടെ ചുമതലയുള്ള ഒസ്മാൻ ബിൻ മുഹമ്മദ് അൽഹജ്രി പറഞ്ഞു. അനധികൃത വാടകക്കാർക്ക് പ്രതികൂലമായ അധിനിവേശത്തിലൂടെ ഉടമസ്ഥാവകാശം അവകാശപ്പെടാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ ഭേദഗതിക്കെതിരെ നാഷണൽ കോൺഗ്രസ് പാർട്ടിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും സുപ്രിം കോടതിയെ സമീപിക്കും. ഇതിനോടകം 15-ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയിൽ എത്തിയത്. നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് കൂടുതൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.അതേസമയം വഖഫ് ഭേദഗതി നിയമത്തിന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.

വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹരജികൾ പരിഗണിക്കുക സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് .ജസ്റ്റിസുമാരായ സഞ്ജയ് കുമാർ കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ഈ മാസം 16 നാണ് ഹരജികൾ പരിഗണിക്കുക. ഇതിനോടകം 15ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയിൽ എത്തിയത്.അതേസമയം വഖഫ് ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു.