വയനാട് ഫണ്ട് കണക്ക് മാധ്യമങ്ങളോട് പറയേണ്ടതില്ല; പെയ്ഡ് സർവേകൾ തട്ടിക്കൂട്ട്: വി.ഡി സതീശൻ
വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി പൂർണ്ണമായും പൂർത്തിയായ ശേഷം കൃത്യമായ കണക്കുകൾ ബോധിപ്പിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പോലും ഇതുവരെ വ്യക്തമായ കണക്കുകൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേകളെയും സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ പുറത്തുവരുന്നത് വെറും 'പെയ്ഡ്' സർവേകളാണ്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. എന്നാൽ യഥാർത്ഥ ജനവികാരം ഇതിൽ പ്രതിഫലിക്കുന്നില്ല. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.
തോൽവി ഭയന്ന് സിപിഎം സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് സതീശൻ ആരോപിച്ചു. എസ്‌ഡിപിഐ, പിഡിപി, ആർഎസ്എസ് എന്നിവരുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്. എസ്‌ഡിപിഐ തീവ്രവാദ സംഘടനയാണെന്ന് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടും അവരുമായി സഹകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണ്. നാല് പതിറ്റാണ്ടോളം ജമാഅത്തെ ഇസ്‌ലാമിയെ തോളിലേറ്റിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും ബിജെപി ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.
