വീടുകളും റോഡുകളും ഉയര്‍ത്തി പണിയണം; ചൂരല്‍മല അങ്ങാടി സുരക്ഷിതമല്ലെന്ന് വിദഗ്ധസമിതി

  1. Home
  2. Trending

വീടുകളും റോഡുകളും ഉയര്‍ത്തി പണിയണം; ചൂരല്‍മല അങ്ങാടി സുരക്ഷിതമല്ലെന്ന് വിദഗ്ധസമിതി

wayanad


ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കി ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തല്‍ വയനാട്ടില്‍ നടത്തണമെന്ന് പ്രൊഫ. ജോണ്‍ മത്തായി നേതൃത്വം നല്‍കിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ.

ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍ എവിടെ ഉരുള്‍പൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നരീതിയില്‍ മൈക്രോ സോണല്‍ സര്‍വേ (സൂക്ഷ്മ പ്രാദേശിക സര്‍വേ) നടത്തണമെന്നാണ് ശുപാര്‍ശ.

ജനകീയപങ്കാളിത്തത്തോടെ ഈ സര്‍വേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്.

റോഡിനുവേണ്ടിയും കെട്ടിടനിര്‍മാണത്തിനായും മണ്ണിടിച്ച് തിട്ടകളാക്കുമ്പോള്‍ രണ്ടരമീറ്ററില്‍ കൂടുതല്‍ കട്ടിങ് ഉണ്ടാവരുത്. ജില്ലയിലേത് ചുവന്ന പശിമരാശി മണ്ണായതിനാല്‍ത്തന്നെ മണ്ണിടിച്ചില്‍സാധ്യത കൂടുതലാണ്.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തമേഖലയ്‌ക്കൊപ്പം മറ്റിടങ്ങളിലും ഈ ശ്രദ്ധയുണ്ടാവണം. അരുവികളും തോടുകളും തടസ്സപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്നും ഉയര്‍ന്നമേഖലകളില്‍ സ്വിമ്മിങ് പൂള്‍ നിര്‍മാണത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ലെന്നും ഇവിടെ ആളുകളെ താമസിപ്പിക്കരുതെന്നും കൃത്യമായി പറയുന്നു.