വയനാട് ഉരുൾ പൊട്ടൽ ദുരന്തം; വായ്പ്പകൾ എഴുതിത്തള്ളുന്നതിൽ ഹൈക്കോടതിയിൽ സവകാശം തേടി കേന്ദ്രം
വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ താൽക്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദർശനം നടത്തിയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വായ്പ്പകൾ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി.
ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ച്ചയ്ക്കുള്ളിൽ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിയമപ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികൾ വിവിധ വകുപ്പുകളിൽ ആവിഷകരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടികാണിച്ചു.
പ്രത്യേക ദുരന്തനിവാരണ പദ്ധതികൾ ഓരോ വകുപ്പുകളും ആവിഷ്കരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.ദുരന്ത നിവാരണ പദ്ധതികൾ സംബന്ധിച്ച് ദേശീയ - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവ മറുപടി നൽകാൻ കോടതി നിർദേശം നല്‍കി .ഹിൽ സ്റ്റേഷനുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയിക്കണം . സർക്കാർ ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണം. സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിലെ പൂര്‍ണ വിശദാംശങ്ങളാണ് നൽകേണ്ടത്. മൂന്നാഴ്ച്ചയ്ക്കുള്ളിൽ ജില്ലാ ഭരണകൂടങ്ങൾ സർക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.