എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരോട് കൊടിയ വഞ്ചന; കാണിച്ചതെല്ലാം നാടകമെന്ന് ബിനോയ് വിശ്വം
വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചു.
ഇതിന്‍റെ ഭാഗമായി നവംബർ 21ന് ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കണമെന്ന് പാര്‍ട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദ്ദേശിച്ചു. വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അവരുടെ കാപട്യം വിളിച്ചറിയിക്കുന്നതാണ്. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം അത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 2262 കോടി രൂപയുടെ പാക്കേജാണ്. രാജ്യമാകെ അതിന്‍റെ ആവശ്യകത ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ സംസ്ഥാനത്തിനു ലഭിച്ചു വരുന്ന സാധാരണ വിഹിതം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് നീക്കിയിരുപ്പ് ഉണ്ടെന്ന വിചിത്ര വാദമാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന ദേശീയ വികാരത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന കേന്ദ്ര ബ ജെപി സര്‍ക്കാര്‍ നയങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.