വയനാട്ടിൽ ദുരിതബാധിതരായ ആളുകളുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വിഎൻ വാസവൻ, ഇഎംഐ പിടിച്ച ഗ്രാമീൺ ബാങ്ക് നടപടി വളരെ ക്രൂരമായിപ്പോയി
വയനാട്ടിൽ ദുരിതബാധിതരായ ആളുകളുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വിഎൻ വാസവൻ.മറ്റ് ബാങ്കുകൾ കേരള ബാങ്കിന്റെ മാതൃക പിന്തുടരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദുരിതബാധിതരായ ആളുകളുടെ ഇഎംഐ പിടിച്ച ഗ്രാമീൺ ബാങ്ക് നടപടി വളരെ ക്രൂരമായിപ്പോയി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മര്യാദരഹിതമായ നടപടിയാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സഹായത്തിൽ നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന രീതി ശരിയല്ല. അത്തരത്തിലുള്ള സമീപനത്തിലേക്ക് ഏത് ബാങ്ക് മാനേജരോ മാനേജ്മെന്റോ വന്നാലും അതിനോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. ഇത് എസ്എൽബിസിയുടെ ശ്രദ്ധയിൽ പെടത്തുമെന്നും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.