മഴ തീവ്രത മുൻകൂട്ടി അറിയാൻ സംവിധാനം; കാലാവസ്ഥ പ്രവചിക്കാൻ വയനാട്ടിൽ റഡാർ
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചിക്കാൻ റഡാർ സംവിധാനം വരുന്നു. റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, സിഗ്നൽ ലഭിക്കാൻ പശ്ചിമഘട്ടമലനിരകൾ തടസ്സമാകുമെന്നതും വയനാട്ടിൽ മഴ കൃത്യമായി അളക്കേണ്ടതിന്റെ ആവശ്യകത വർധിച്ചതുമാണ് റഡാർ വയനാട്ടിൽ സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡാർ സ്ഥാപിക്കുക. ഇതിനായി സ്ഥലം കണ്ടെത്തി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർകൊണ്ട് പ്രയോജനമുണ്ടാവും. ഓരോ 10 മിനിറ്റിലും പ്രവചനം നടത്താൻ സാധിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. നിലവിൽ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റഡാറുള്ളത്. മേഘത്തിലെ ജലകണങ്ങളെ കണ്ടെത്താൻ റഡാറിന് കഴിയുമെന്നതാണ് പ്രത്യേകത. അതിനാൽ എത്ര തീവ്രതയിലാണ് മഴ പെയ്യുകയെന്ന് മുൻകൂട്ടിയറിയാൻ സാധിക്കും.
മഴമേഘങ്ങളുടെ ചലനം മനസ്സിലാക്കി കൂടുതൽ മഴ വർഷിക്കുന്ന മേഘങ്ങൾ എവിടേക്കാണ് നീങ്ങുന്നതെന്ന് റഡാർ വഴി കണ്ടെത്താം. എത്ര ഉയരത്തിലാണ് മേഘങ്ങൾ രൂപപ്പെടുന്നതെന്നും കാറ്റിന്റെ ഗതിയും തീവ്രതയും എത്രത്തോളമെന്ന് അറിയാനും ഇതിലൂടെ സാധിക്കും.
ആറ് ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളും ഹ്യൂംസെന്ററിന്റെ 200 മഴമാപിനികളും വയനാട് ജില്ലയിൽ പലഭാഗത്തായി ഉണ്ടെങ്കിലും ഓരോ ദിവസത്തെ അളവുകൾ മാത്രമാണ് ലഭിക്കുന്നത്. മേഘങ്ങൾ രൂപപ്പെടുന്നത് കണ്ടെത്താൻ കഴിയുന്നതിനാൽ മേഘവിസ്ഫോടനത്തിനുള്ള സാധ്യതകളും മുൻകൂട്ടിയറിയാനാവും.
2018 മുതൽ വയനാട്ടിൽ പലയിടങ്ങളിലും അതിതീവ്രമഴയാണ് പെയ്യുന്നത്. ചൂരൽമലയിൽ ജൂലൈ 29ന് 327 മില്ലിമീറ്റർ മഴയാണ് പെയ്തത്. 30ന് പുലർച്ചെ ഉരുൾപൊട്ടലുണ്ടായി. റഡാർ സ്ഥാപിക്കുന്നതോടെ പത്ത് മിനിറ്റ് കൂടുമ്പോൾ മഴയുടെ അളവ് അറിയാൻ സാധിക്കുമെന്നതിനാൽ കൃത്യമായി മുന്നറിയിപ്പ് നൽകാൻ സാധിക്കും.